
പതിവ് പോലെ അവള്‍ (അത് ഞാന്‍ തന്നെയാണ്!) ഉറക്കച്ചടവ് മാറാത്ത മുഖവുമായി, ആദ്യമായി സ്കൂളിലേക്ക്
വരുന്ന ഒരു കുരുന്നിന്‍റെ പോലെ മനസ്സില്ലാമനസ്സോടെ കോളേജ് വാതില്‍ കടന്നു. എന്നും
അവള്‍ ആദ്യം സംസാരിക്കുന്നത് കോളേജിലെ ‘സെക്യൂരിറ്റി ചേച്ചി’യോടാണ്. അവള്‍ ഗീതചേച്ചിയുടെ (യഥാര്‍ത്ഥ പേര് ചേച്ചിയുടെ ആഗ്രഹപ്പ്രകാരം ഉള്‍പെടുത്തി) അടുത്ത് പോയി അഭിവാദ്യത്തിനായി
കൈ നീട്ടി. അറബികളുടെ ഇടയില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ചേച്ചി ആരെ കണ്ടാലും
ആദ്യം ‘സലാം’ പറയും. എണ്ണായിരത്തിലധികം യുവതീയുവാക്കള്‍ പഠിക്കുന്ന കോളേജില്‍ വിരലിലെണ്ണാവുന്നത്ര
മലയാളി കുട്ടികളുള്ളു. ഇടക്ക് ചേച്ചി പറയാറുണ്ട്, ഇവരുള്ളത് കൊണ്ട് എനിക്ക് ഇടക്കെങ്കിലും
എന്റെ ഭാഷ സംസാരിക്കാം. അന്ന്‍ ചേച്ചിയുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം! അവളെ
കണ്ടതും ചേച്ചി പറഞ്ഞു, “അപ്പുറത്തെ വാതിലിന്‍റെ അടുത്ത് സ്റ്റുഡന്റ്റ്സിന് കുടകള്‍
വച്ചിട്ടുണ്ട്. രാവിലെ 7 മണിക്ക് വച്ചതാ, തീരുന്നതിന് മുന്നേ വേഗം പോയി എടുത്തോളൂ.
ഒന്ന്‍ ഷേക്കും എടുക്കണേ (ഷേ- കോളേജിലെ എന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ
വിളിപ്പേര്).” വല്ലതും സൌജന്യമായി കിട്ടുമ്പോള്‍ അത് വാങ്ങാനുള്ള മടിയും നാണവും
മലയാളിക്കുട്ടികള്‍ക്ക് പാരമ്പര്യമായി ലഭിക്കുന്നതാണല്ലോ. അവള്‍ മടിച്ചു
നിന്നപ്പോള്‍ ചേച്ചി നിര്‍ബന്ധിച്ചു. അപ്പോള്‍ അവള്‍ പറഞ്ഞു: “എന്നാല്‍ ചേച്ചി
എന്റെയൊപ്പം അവിടെ വരെ വാ”. ചേച്ചിയോടൊപ്പം അവള്‍ അപ്പുറത്തെ വാതിലിന്‍റെ
അടുത്തേക്ക് പോയപ്പോള്‍ അതിനടുത്തുള്ള വലിയ സ്റ്റാന്‍ഡില്‍ രണ്ടു കുടകള്‍ മാത്രം
ബാക്കി. അവള്‍ രണ്ടും എടുത്തു, ഒന്ന്‍ അവള്‍ക്കും ഒന്ന്‍ ഷേക്കും. വേനല്‍
തുടങ്ങിയിട്ടുണ്ടായിരുന്നുള്ളൂ. എന്നാലും സൂര്യന്റെ നോട്ടത്തിന് ആരെയും
പൊരിക്കാനുള്ള ചൂടുണ്ടായിരുന്നു. അതില്‍ നിന്നൊരു ശമനം- അതിനായിരുന്നു കോളേജ്
കുടകള്‍ വിതരണം ചെയ്തത്. “എല്ലാ ബില്ടിങ്ങിലും കുടകള്‍ വച്ചിട്ടുണ്ട്. രാവിലെ
ഒരുപാട് കുടകള്‍ ഉണ്ടായിരുന്നതാ, അതൊക്കെ കുട്ടികള്‍ കൊണ്ട് പോയി. നിനക്ക്
ഭാഗ്യമുണ്ട്”, ചേച്ചി പറഞ്ഞു. മഴവില്ലിന്റെ നിറമായിരുന്നു കുടയ്ക്ക്. കൊച്ചു
കൊച്ചു കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുന്ന അവളുടെ മനസ്സില്‍ അത് കണ്ടപ്പോള്‍ ആയിരം
മഴവില്ലുകള്‍ വിരിഞ്ഞു. അവള്‍ ബാഗില്‍ നിന്ന്‍ മൊബൈല്‍ എടുത്തു: “ഷേ, വേര്‍ ആര്‍
യൂ?”
ഷേയിന് ഒരു കുട
കൊടുത്ത് മറ്റേ കുട അവള്‍ ബാഗില്‍ സൂക്ഷിച്ചു വച്ചു. സമ്മാനങ്ങളോ ‘സ്പെഷ്യല്‍’ ആയ
വല്ലതും ലഭിച്ചാലോ അത് ഉമ്മാക്ക് കൊടുക്കാന്‍ അവള്‍ക്ക് തിടുക്കമായിരിക്കും. അതിന്
മുന്നേ അവള്‍ അത് തുറന്നു നോക്കപോലുമില്ല. അന്ന്‍ വീട്ടില്‍ എത്തിയപ്പോള്‍ അവള്‍
ഉമ്മാക്ക് ആ കുട കൊടുത്തു. ഉമ്മ അത് കണ്ടപ്പോള്‍ പറഞ്ഞു: “നിന്‍റെ അനിയത്തിയുടെ
സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ കുട പിടിച്ചാ സ്കൂളില്‍ വരാറുള്ളത്. ഒന്ന്‍ അവള്‍ക്കും
വേണമെന്ന് ഞാന്‍ വിചാരിക്കായിരുന്നു.” അങ്ങനെ കുട അനിയത്തിയുടെ കയ്യിലെത്തി. അവള്‍ക്കും
സന്തോഷം, ഉമ്മാക്കും സന്തോഷം, അനിയത്തിക്കും സന്തോഷം.
അടുത്ത ദിവസം ക്ലാസ്സ്
കഴിഞ്ഞ് ഒരു കെട്ടിടത്തില്‍ നിന്ന്‍ മറ്റൊരു കെട്ടിടത്തിലേക്ക് നടക്കുമ്പോള്‍
അതിന്‍റെ ക്ഷീണവും നീരസവും മറക്കാനായി അവള്‍ ചുറ്റുമുള്ളവരെ നോക്കി. ചിലര്‍
കൂട്ടമായും മറ്റു ചിലര്‍ അവളെ പോലെ ഒറ്റക്കും നടക്കുന്നു. സൂര്യന്‍റെ ചുട്ടു
പൊള്ളുന്ന നോട്ടത്തില്‍ നിന്ന്‍ രക്ഷപ്പെടാന്‍ ചിലര്‍ മഴവില്ലിന്റെ നിറമുള്ള
കുടകള്‍ പിടിച്ചിരിക്കുന്നു, ചിലര്‍ പുസ്തകങ്ങള്‍ കൊണ്ടും, മറ്റു ചിലര്‍ അവളെ പോലെ
തട്ടം കൊണ്ട് മുഖം മറച്ചിരിക്കുന്നു, ചിലര്‍ മുഖത്തേക്കാള്‍ വലിയ സണ്‍ഗ്ലാസ്സുകള്‍
വച്ചിരിക്കുന്നു, ചിലര്‍ ഫോണിന്‍റെ ബട്ടണ്‍സിനിടയില്‍ കൈകള്‍ ധ്രതിയില്‍
അമര്ത്തുന്നതിന്റെയും നീക്കുന്നതിന്റെയും ഇടയില്‍ സൂര്യന്‍ മേലെയുള്ളത്
അറിഞ്ഞിട്ടു പോലുമില്ല! കെട്ടിടത്തിന്‍റെ അടുത്തെത്തിയപ്പോള്‍ അവള്‍
മുല്ലപ്പൂചെടിയിലേക്ക് നോക്കി അക്ഷമയായിക്കൊണ്ട് പറഞ്ഞു, ‘ഈ മുല്ലപ്പൂവിന് വേഗം
വന്നൂടെ..’ കെട്ടിടത്തിന്‍റെ വാതില്‍ കടന്നപ്പോള്‍ ഓവണില്‍ നിന്ന്‍ ഫ്രിഡ്ജിലേക്ക്
കടന്ന അനുഭൂതിയായിരുന്നു അവള്‍ക്ക്. കോളേജ്
കെട്ടിടങ്ങളുടെ ഉള്ളില്‍ എന്നും ശൈത്യമാണ്! അവള്‍ വാതിലിനടുത്തുള്ള സ്റ്റാന്‍ഡിലേക്ക്
നോക്കിയപ്പോള്‍ കുറെ പുതിയ കുടകള്‍ തൂക്കിയിരിക്കുന്നു. എല്ലാം മഴവില്ലിന്‍റെ
നിറമുള്ളവ തന്നെ. പെട്ടെന്നാണ് സ്റ്റാന്‍ഡിന്‍റെ മേലേ പതിച്ചിരിക്കുന്ന ഒരു
നോട്ടീസ് അവളുടെ ശ്രദ്ധയില്‍ പെട്ടത്. “Please, kindly make sure to return the umbrellas
on the stand when you reach the next building.” അവള്‍ വായും പൊളിച്ച് നിന്നു, ഇതെപ്പോ വന്നു പടച്ചോനേ,
ഇന്നലെ കണ്ടില്ലല്ലോ! സങ്കടവും അന്താളിപ്പും എന്തൊക്കെയോ വാക്കുകളില്‍ പ്രകടിപ്പിക്കാന്‍
കഴിയാത്ത വികാരങ്ങളും അവളുടെ മനസ്സിലൂടെ കടന്നുപോയി. ഉമ്മയോടും അനിയത്തിയോടും ഇനിയെന്താ
പറയാ? അവള്‍ ഗീതചേച്ചിയുടെ അടുത്തേക്ക് നടന്നു, “ചേച്ചീ, ഇത് കണ്ടോ?”
ഉമ്മയോട് കാര്യം
പറഞ്ഞപ്പോള്‍ ഉമ്മ പറഞ്ഞു, ഇന്ന് സ്കൂളിലേക്ക് അവളെ കൊണ്ട് പോയപ്പോള്‍ ആ കുടയും
പിടിച്ചാ പോയത്, പക്ഷെ വീട്ടിലേക്ക് അവളെ തിരിച്ചു കൊണ്ട് വരാന്‍ പോയപ്പോള്‍
വീട്ടില്‍ നിന്ന്‍ കുടയെടുക്കാന്‍ മറന്നു. നാളെ മറക്കില്ല എന്നൊക്കെ പറഞ്ഞാണ് അവളെ
സമാധാനിപ്പിച്ചത്. “ഉമ്മാ പക്ഷെ ആ കുട നമ്മുടേതല്ലല്ലോ. നമ്മുക്കെന്തിനാ ഹറാമായ
മുതല്‍.” അവളുടെ അഭിപ്രായത്തോട് ഉമ്മയും യോജിച്ചു. അടുത്ത ദിവസം അവള്‍ മഴവില്ലിന്റെ
നിറമുള്ള ‘അവളുടെ’ പ്രിയപ്പെട്ട കുട കോളേജിലേക്ക് പോകുമ്പോള്‍ മറക്കാതെ എടുത്തു.
ഒഴിഞ്ഞ സ്റ്റാന്‍ഡില്‍ അവള്‍ ആ കുട തൂക്കി. അല്‍പം കഴിഞ്ഞ് ആ വഴിക്കു പോകുമ്പോള്‍
അതവിടെ കണ്ടില്ല. രണ്ട് ദിവസം കഴിഞ്ഞ് സ്റ്റാന്‍ഡ് നിറയെ പുതിയ കുടകള്‍ കണ്ടപ്പോള്‍
അവള്‍ മനസ്സില്‍ പറഞ്ഞു, ഈ കോളേജ്കാര്‍ക്ക് തീരെ ബുദ്ധിയില്ല! നിറഞ്ഞിരുന്ന
സ്റ്റാന്‍ഡ് പിന്നെയും ഒഴിഞ്ഞു. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ആ സ്റ്റാന്‍ഡും അവിടെ
നിന്ന്‍ അപ്രത്യക്ഷമായി!